തൃശൂർ: മാറാട് കലാപവുമായി ബന്ധപ്പെട്ട എ.കെ. ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി. മാറാട് വിഷയം വീണ്ടും ചർച്ചയാക്കുന്നതു രാഷ്ട്രീയധ്രുവീകരണത്തിനല്ലെന്നും ഇത്തരം വർഗീയകലാപങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകൂർജാഗ്രത മാത്രമാണെന്നും മന്ത്രി അവകാശപ്പെട്ടു.
വർഗീയകലാപങ്ങളെ മുൻനിർത്തി താത്കാലികലാഭമുണ്ടാക്കാൻ ശ്രമിക്കുന്നതു ശരിയല്ലെന്നുപറഞ്ഞ മന്ത്രി, യുഡിഎഫിനെ രൂക്ഷമായി വിമർശിച്ചു. മാറാട് കലാപം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും എന്നാണ് അവിടെ പോയതെന്നു നമുക്കറിയാം. ആരുടെ പിന്തുണ ഉറപ്പാക്കിയശേഷമാണ് അവർ സന്ദർശനം നടത്തിയതെന്നും വ്യക്തമാണ്. അത്തരം മുതലെടുപ്പുകൾ വോട്ടായി മാറില്ല.
പൂന്തുറയിലും ചാല ബസാറിലും ഉണ്ടായ സംഭവങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ മന്ത്രി, മതമൈത്രി തകരാതിരിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രിയും എ.കെ. ബാലനും സൂചിപ്പിച്ചത് ഈ ജാഗ്രതയെക്കുറിച്ചാണെന്നും പറഞ്ഞു. വർഗീയത പടർത്തി വോട്ടുനേടാനുള്ള ശ്രമങ്ങൾ കേരളത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.